By Rajesh Kumar.23 02 2021
തിരുവനന്തപുരം: ഇടതു പാര്‍ട്ടിയിലാണെങ്കില്‍ മാത്രം ജോലി ലഭിക്കുകയും പാര്‍ട്ടി കൊടിപിടിച്ചാല്‍ സ്വര്‍ണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ ഭാഗമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കു ജോലി വേണമെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടിവരും. അവര്‍ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചര്‍ച്ച നടത്തില്ല. കാരണം അവര്‍ ഇടതു പ്രവര്‍ത്തകരല്ല-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങള്‍ക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരി സര്‍ക്കാരുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.