By Priya.04 07 2022
തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് അടിച്ച് തകര്‍ത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്.വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
രണ്ട് റിപ്പോര്‍ട്ടുകളും ആഭ്യന്തര വകുപ്പിനു കൈമാറി. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളുമാണു റിപ്പോര്‍ട്ടില്‍ തെളിവായി ചേര്‍ത്തിട്ടുള്ളത്. 24നു മൂന്നരയോടെയാണ് അക്രമം നടന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്.ഫോട്ടോഗ്രഫര്‍ താഴേക്ക് ഇറങ്ങുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലേക്കു കയറിപ്പോയി.
ഫോട്ടോഗ്രഫര്‍ വീണ്ടും നാലരയ്ക്കു മുകളിലെത്തി ചിത്രങ്ങള്‍ എടുത്തു.ആ സമയത്ത് ഓഫീസില്‍ യുഡിഎഫ് പ്രവര്ത്തകരുള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം.നാലു മണിക്കു ചുവരില്‍ കണ്ട ഗാന്ധിചിത്രം അവിടെ ഉണ്ടായിരുന്നില്ല. ഫയലുകള്‍ വലിച്ചുവാരി ഇട്ടിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിനു ശേഷവും യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫിസില്‍ എത്തിയതിനു ശേഷവുമാണു ഗാന്ധിജിയുടെ ഫോട്ടോ തകര്‍ന്നതും ഫയലുകള്‍ വാരി വലിച്ചിട്ടതും എന്നു ചിത്രങ്ങളില്‍ വ്യക്തമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.