പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും; രാഹുല്‍ ഗാന്ധി

By online desk.10 12 2019

imran-azhar


ന്യൂഡല്‍ഹി: വലിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയെയും രാഹുല്‍ പരോക്ഷമായി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനയ്‌ക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം.

 

രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണെന്നും ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

 

ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ അതിനെ അവര്‍ പിന്തുണക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തിയാണ് ശിവസേന അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കുവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിനിടെ ലോക്സഭയില്‍ വോട്ട് ചെയ്തത് പോലെ രാജ്യസഭയില്‍ ശിവസേന വോട്ട് ചെയ്തേക്കില്ലെന്ന് സൂചന നല്‍കി പാര്‍ട്ടി നേതാവ് സഞജയ് റാവുത്ത്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. രാജ്യസഭയില്‍ നാളെയാണ് ബില്‍ അവതരിപ്പിക്കുന്നത്. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് സഞജയ് റാവുത്തിന്റെ ട്വീറ്റ് വന്നത്.

 

OTHER SECTIONS