കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശം: രാഹുല്‍ ഗാന്ധി

By anju.16 04 2019

imran-azhar

കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി. കേരളം ആത്മവിശ്യാസത്തിന്റെ നാടാണ്. എല്ലാവരും സാഹോദര്യത്തോടെ ജീവിക്കുന്നു. ഇക്കാരണത്താലാണ് കേരളം മത്സരിക്കാനായി തെരഞ്ഞെടുത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല.

 

ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ തകര്‍ത്തുകളയുമെന്നാണ് ബിജെപി പറയുന്നത്. അത് കൊണ്ടാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് മാത്രമാണ്. നിങ്ങളെ അക്രമിക്കില്ല. സ്നേഹത്തിന്റെയും അഹിംസയുടേയും ഭാഷയില്‍ നിങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തും.

 

ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങള്‍ക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉള്‍ക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്. കേരളത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നത് അതിനോടൊപ്പം നില്‍ക്കുന്നതിനാലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

OTHER SECTIONS