ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തി

By anju.11 01 2019

imran-azhar

ദുബായ്: രണ്ടു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തി. രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് ആണ് നല്‍കിയത്.

 

വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെത്തിയ രാഹുലിനെ മജ്ലിസില്‍
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ. സുധാകരന്‍, എം.പി.മാരായ എം.കെ. രാഘവന്‍, ആന്റോ ആന്റണി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു. രാഹുലിന് സ്വാഗതം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനലിന് മുന്നില്‍ രാപുലിനെ വരവേല്‍ക്കാനായി കാത്തുനിന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

 

ഇന്ന് രാവിലെ ജബല്‍അലിയിലെ ലേബര്‍ ക്യാമ്പില്‍ രാഹുല്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് രണ്ടിന് ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി സംവദിക്കും. യു.എ.ഇ സമയം വൈകുന്നേരം നാലിനാണ് സാംസ്‌കാരിക സമ്മേളനം. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ ഇന്ത്യ എന്ന ആശയം എന്ന വിഷയത്തില്‍ രാഹുല്‍ സംസാരിക്കും. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടാകും. കാല്‍ലക്ഷത്തിലേറെ പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുന്നത്. സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നതെങ്കിലും ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ ഒരുക്കത്തിലാണ് ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍.

 

OTHER SECTIONS