ദിലീപ് ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി, തിരച്ചില്‍ തോക്കിനും ഡിജിറ്റല്‍ തെളിവുകള്‍ക്കും വേണ്ടി

By Avani Chandra.13 01 2022

imran-azhar

 

കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലുമായി നടക്കുന്ന റെയ്ഡ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തിരച്ചിലില്‍ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടന്‍ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും പുറത്തു വരികയാണ്. ദിലീപിന്റെ കൈയില്‍ ഒരു ആയുധമുണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

എസ് പിയുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളിലും ഒരേ സമയം അന്വേഷണ സംഘം എത്തിയത് തോക്ക് കണ്ടെത്താന്‍ കൂടിയാണെന്നാണ് ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പുറത്തു വിടുന്ന വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടിയായിരുന്നു. എന്നാല്‍ തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് ദിലീപിന് ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

രണ്ട് അന്വേഷണ സംഘമാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. ക്രൈംബ്രാഞ്ചിനും സൈബര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം അനുമതിയാണ് കോടതി നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഒരുങ്ങിയതിനെതിരെയുള്ള തെളിവുകളും ശേഖരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.

OTHER SECTIONS