ദൈനിക് ഭാസ്കറിലെ റെയ്ഡ്; കേന്ദ്രസർക്കാരിന് സത്യം പറയുന്ന മാധ്യമങ്ങളോട് അസഹിഷ്ണുത; കടുത്ത വിമർശനവുമായി പ്രതിപക്ഷം

By sisira.22 07 2021

imran-azhar

 

 

 

ദില്ലി: ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

 

മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ച് കേന്ദ്രസർക്കാർ ജനാധിപത്യം തകർക്കുന്നു എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

 

കേന്ദ്രസർക്കാർ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും സർക്കാരിന് സത്യം പറയുന്ന മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് അഭിപ്രായപ്പെട്ടു.

 

ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് ഊ റെയ്ഡ് എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കുറ്റപ്പെടുത്തി.

 

മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.

 

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്‍റെ വീഴ്ചകൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്കർ.

 

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചതും അടക്കമുള്ള കാര്യങ്ങളിൽ നിരവധി ഗ്രൗണ്ട് റിപ്പോർട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചത്.

 

അതേസമയം, റെയ്ഡിനെക്കുറിച്ച് സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. ദൈനിക് ഭാസ്കറും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

OTHER SECTIONS