സംസ്ഥാനത്ത് മഴ നാശം വിതക്കുന്നു; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസ്സുകാരി മരിച്ചു

By Kavitha J.14 Jun, 2018

imran-azhar

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്പതുവയസ്സുകാരി മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ദില്‍ന എന്ന കുട്ടിയാണ് മരിച്ചത്. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കാരണമായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ദില്‍നയെ രക്ഷിക്കാനായില്ല. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. പുല്ലൂരാമ്പാറ, കരിഞ്ചോല, കക്കയം, വേനപ്പാറ, കട്ടിപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും.


കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയിലെ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്.


മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലിയാര്‍, ചാലക്കുടിപ്പുഴ തുടങ്ങിയവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു.


തൃശൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. പെരിങ്ങല്‍കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ - ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

 

കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍പുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അറിയിച്ചു. മലയോര മേഖലയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.


കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പി,എസ്.സി , സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഉച്ചക്കു ശേഷം അവധി നല്‍കി.

OTHER SECTIONS