By Sarath Surendran.19 09 2018
ന്യൂഡല്‍ഹി : ദക്ഷിണമേഖല കൗണ്‍സിലിന്റെ ഇരുപത്തെട്ടാമത് യോഗം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിന്റെ അദ്ധ്യക്ഷതയില്‍ ബംഗളൂരുവില്‍ നടന്നു. കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍, തമിഴ്നാട് ഉപമുഖ്യമന്ത്രി, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലെ ധനമന്ത്രിമാര്‍, കര്‍ണ്ണാടക സാമൂഹിക നീതി ശാക്തീകരണ മന്ത്രി- ടൂറിസം മന്ത്രി, പുതുച്ചേരി ആരോഗ്യമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ യോഗത്തില്‍ സംബന്ധിച്ചു.
രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ കനത്തമഴമൂലം ഉണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ കൗണ്‍സില്‍ അഗാധ ദുഃഖവും അനുകമ്പയും രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അവശ്യം വേണ്ട സഹായം ലഭ്യമാക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ് ഒട്ടും പിന്നോട്ടുപോകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.
കഴിഞ്ഞ യോഗത്തില്‍ കൈക്കൊണ്ട മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, ഉപദ്വീപ് വിനോദസഞ്ചാര ട്രെയിനുകള്‍ ആരംഭിക്കുന്നത്, എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് എല്ലാ കോഴ്സുകള്‍ക്കും ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് വേണ്ടിയുള്ള ഫണ്ടുകളുടെ ഏകീകരണം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമായിട്ടുള്ള പുനരുപയോഗ ഊര്‍ജ്ജം ഗ്രിഡ് സുരക്ഷയെ ബാധിക്കാതെ പരാമാധി ഉപയോഗിക്കുക, പുതുച്ചേരി വിമാനത്താവളത്തിന്റെ വികസനം എന്നിവയുടെ നടത്തിപ്പിന്റെ പുരോഗതി യോഗം അവലോകനം ചെയ്തു.
ആന്ധ്രാപ്രദേശിലേയും തമിഴ്നാട്ടിലേയും മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ പുലിക്കാട്ട് തടാകത്തിന്റെ അവകാശത്തിന് വേണ്ടി നടക്കുന്ന തര്‍ക്കം, പുണ്യ ശേഷാചലം കുന്നുകളില്‍ നിന്നുള്ള രക്തചന്ദന കടത്തിന്റെ ഭീഷണി, ചെന്നൈ നഗരത്തിലെ കുടിവെള്ള വിതരണത്തിന് കൃഷ്ണാനദിയില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്, ദക്ഷിണമേഖലയിലെ തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ജലകൃഷിവഴിയുള്ള ചെമ്മിനിലെ ആന്റിബയോട്ടികിന്െ് അവശിഷ്ടങ്ങള്‍ പരിശോധിക്കുക, ദക്ഷിണമേഖല സംസ്ഥാനങ്ങളിലെ സംസ്ഥാന പോലീസ് സേനകളുടെ നവീകരണം, എല്‍.പി.ജി ഗോഡൗണ്‍ സൈറ്റ് പ്ലാനിന് വേണ്ടിയുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കുന്നത്, ജൈവ ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ കൗണ്‍സില്‍ പരിഗണിച്ചു. ഇന്ന് യോഗം ചര്‍ച്ചചെയ്ത 27 വിഷയങ്ങള്‍ ചര്‍ച്ചചെയ്തതില്‍ 22 എണ്ണം പരിഹരിക്കപ്പെട്ടു.
കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി 2017 നവംബര്‍ 28ന് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ യോഗം ബംഗളൂരുവില്‍ ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഏഴ് വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം മാംഗളൂര് അതിവേഗ റെയില്‍ ഇടനാഴി ഉഡുപ്പിവരെ നീട്ടുക, പ്രൊഫഷണല്‍ ടാക്സിന്റെ പരിധിയുടെ പരിഷ്ക്കരണം, കേന്ദ്ര ഗവണ്മെന്റിന്റെ ഭവനപദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കുക, സംസ്ഥാനങ്ങളില്‍ നിന്ന് മൃഗങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകല്‍, സസ്യഎണ്ണകളുടെ ലഭ്യതവര്ദ്ധിപ്പിക്കുന്നതിനായി എണ്ണക്കുരുക്കളുടെയും എണ്ണപനകളുടെയും കൃഷി, പുതുച്ചേരിയെ കേന്ദ്ര ധനകാര്യകമ്മിഷനില്‍ ഉള്‍പ്പെടുത്തുക, പുതുച്ചേരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്നിവയാണ് അതൊക്കെ.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ദ്ധിപ്പിക്കുന്നതിനായി 1956ലെ സംസ്ഥാന പുനസംഘടനാ നിയമ പ്രകാരം അഞ്ച് മേഖല കൗണ്‍സിലുകള്‍ (പശ്ചിമ, പൂര്‍വ്വ, ഉത്തര, ദക്ഷിണ, മദ്ധ്യ മേഖല കൗണ്‍സിലുകള്‍) രൂപീകരിച്ചിരുന്നു. സാമൂഹിക-സാമ്പത്തിക ആസൂത്രണം, അതിര്‍ത്തി തര്‍ക്കങ്ങള്‍, ഭാഷാ ന്യൂനക്ഷപങ്ങള്, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും ശിപാര്‍ശചെയ്യാനും ഈ മേഖലാ കൗണ്‍സിലുകള്‍ക്ക് നിയമപരമായ അധികാരമുണ്ട്.
സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്ക്കാരികമായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണ ശ്രമത്തിനുള്ള പ്രാദേശിക വേദിയാണ് ഇവകള്‍. നല്ല ഉറപ്പുള്ള ഉന്നതതല സംവിധാനങ്ങളായ ഇവ ബന്ധപ്പെട്ട മേഖലകളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേകം ഉദ്ദേശിച്ചിരിക്കുന്നത്. ദേശീയ പരിപ്രേക്ഷ്യം കണക്കിലെടുത്തുകൊണ്ട് പ്രാദേശിക ഘടകള്‍ പരിഗണിച്ചുകൊണ്ട് പ്രത്യേകവിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനും അവയ്ക്ക് കഴിവുണ്ട്.
സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും സഹകരണത്തിന്റെ് മികച്ച ഫെഡറല്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മേഖല കൗണ്‍സിലുകള്‍, ഇന്റ്ര്-സ്റ്റേറ്റ് കൗണ്‍സില്‍ എന്നീ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ ഗവണ്മെന്റ് ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഫലമായി കഴിഞ്ഞ നാലുവര്ഷങ്ങള്ക്കിടയില് ദക്ഷിണമേഖല കൗണ്‍സിലിന്റെ രണ്ടു കൗണ്‍സില്‍ യോഗങ്ങളും നാലു സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളും നടന്നിട്ടുണ്ട്. അതിനുപുറമെ, മറ്റ് മേഖലയോഗങ്ങളുടെ എട്ട് കൗണ്‍സില്‍ യോഗങ്ങളും പന്ത്രണ്ട് സ്റ്റാന്‍സിംഗ് കമ്മിറ്റി യോഗങ്ങളും നടന്നിട്ടുണ്ട്. ഈ യോഗങ്ങളില്‍ ഏകദേശം 600 പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും അവയില്‍ 406 എണ്ണം പരിഹരിക്കുകയും ചെയ്തു.
സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ ഉത്സാഹത്തോടെ ഊഷ്മളവും സൗഹൃദവുമായ അന്തരീക്ഷത്തിലാണ് ഇന്നത്തെ ചര്‍ച്ചകള്‍ നടന്നത്. അടുത്തയോഗം തമിഴ്നാടില്‍ സംഘടിപ്പിക്കാനുളള തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.