By Maya Devi V..18 01 2021
ചെന്നൈ: രജനി മക്കള്‍ മന്ഡ്രത്തില് അംഗങ്ങളായവര്‍ക്ക് ഏത് പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി കാന്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ വിശദീകരണം. ആര്‍ക്ക് വേണമെങ്കിലും ഇതില്‍ നിന്ന് രാജി വച്ച് മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറാം.
ചില ജില്ലാ അധ്യക്ഷന്മാര് മക്കള്‍ മന്‍ഡ്രം വിട്ട് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡിഎംകെയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഈ വിശദീകരണം. മറ്റ് പാര്‍ട്ടികളിലേക്ക് പോയാലും അവര്‍ രജനികാന്തിന്റെ ആരാധകരാണെന്നത് മറക്കില്ലെന്നും രജനി മക്കള്‍ മന്‍ഡ്രം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിക്ക് ഒരിക്കലും രജനിയുടെ പിന്തുണയുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
മാസങ്ങള്‍ക്കകം തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പുണ്ടാകും. സംസ്ഥാനത്തെ ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യമുള്ള ബിജെപിയിലെ ചിലര്‍ മെഗാസ്റ്റാറിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.
പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഷൂട്ടിംഗിനിടെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടര്‍മാരാണ് രാഷ്ട്രീയ പ്രവേശനം വിലക്കിയത്.
പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതെ തന്നെ താന്‍ ജനങ്ങളെ സേവിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമെന്ന് അറിയാമെന്നും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.