രാജസ്ഥാനില്‍ വന്‍ പ്രതിസന്ധി; കൈമലര്‍ത്തി ഗെലോട്ട്; രാജിഭീഷണി മുഴക്കി എംഎല്‍എമാര്‍

By Web Desk.25 09 2022

imran-azhar

 


ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ഗെലോട്ട് പക്ഷ എംഎല്‍എമാരുടെ നീക്കം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ 92 എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി. സ്പീക്കര്‍ സി.പി.ജോഷിയെ കണ്ടശേഷം അശോക് ഗെലോട്ടുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തും.

 

അശോക് ഗെലോട്ടിന്റെ വസതിയില്‍ ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മുടങ്ങി. ഒന്നും തന്റെ നിയന്ത്രണത്തിലല്ല എന്നാണ് എംഎല്‍എമാരുടെ രാജിഭീഷണിയെക്കുറിച്ച് ഗെലൊട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സച്ചിന്‍ പൈലറ്റ് ജയ്പുരിലെ വസതിയിലെത്തി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുവരെയും കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലേക്കു വിളിപ്പിച്ചേക്കും.

 

ആകെ 200 എംഎല്‍എമാരാണ് രാജസ്ഥാന്‍ നിയമസഭയിലുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെലോട്ട് പക്ഷത്തുള്ള 92 എംഎല്‍എമാര്‍ രാജിവച്ചാല്‍ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ 55 എംഎല്‍എമാരുടെ മാത്രം പിന്തുണ മതിയാകും.

 

അതിനിടെ, ഗെലോട്ടിന്റെ അടുത്ത അനുയായിയും എംഎല്‍എയുമായ ശാന്തി ധരവാളിന്റെ വസതിയില്‍ ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ ഞായറാഴ്ച വൈകിട്ട് യോഗം ചേര്‍ന്നു. 2020ല്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേര്‍ന്ന് വിമതനീക്കം നടത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ ഐകകണ്ഠമായി പ്രമേയം പാസാക്കി.

 

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. എന്നാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഗെലോട്ട് ഉന്നയിച്ചു.

 

 

 

 

OTHER SECTIONS