അയോദ്ധ്യ തര്‍ക്കത്തിലും സൗഹൃദത്തിന്റെ മധുരമായി രാമചന്ദ്രപരമഹംസും ഹാഷിം അന്‍സാരിയും

By online desk .12 11 2019

imran-azhar

 

 

അയോദ്ധ്യ തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങളിലായി കക്ഷി ചേര്‍ന്ന രണ്ട് പേരുടെ സൗഹൃദം എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്. അയോദ്ധ്യയിലെ ദിഗംബര്‍ അഖാഡയിലെ മഹന്തായ രാമചന്ദ്ര പരമഹംസും അയോദ്ധ്യാ കസ്ബയില്‍ തുന്നല്‍ക്കട നടത്തുന്ന ഹാഷിം അന്‍സാരിയും രാമ ജ•ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അന്യായങ്ങളില്‍ ആജീവനാന്തം പരസ്പരം കേസുനടത്തിയവരാണ്. എന്നാല്‍, കോടതിയിലെ വാശിയേറിയ വാദവിവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, അവര്‍ക്കിടയില്‍ മറ്റൊരു ഈര്‍ഷ്യയ്ക്കും ഇടമില്ലായിരുന്നു.രണ്ട് പേരും ഇത്രയും കാലം വലിയ സൗഹൃദത്തിലുമായിരുന്നു.

 

ഒരേ റിക്ഷയില്‍ കോടതിയിലെത്തിയിരുന്ന എതിര്‍കക്ഷികളായ പരമഹംസും അന്‍സാരിയും തൊണ്ണൂറുകളില്‍ എല്ലാവരുടെയും സ്ഥിരം കാഴ്ചയായിരുന്നു. കോടതി വരാന്തയിലും, ചായക്കടയിലുമെല്ലാം തോളോട് തോള്‍ ചേര്‍ന്നുകൊണ്ട് ഇരുവരും തമാശ പറഞ്ഞു ചിരിക്കുന്നതും കാണാമായിരുന്നു. ഇവരുടെ സൗഹൃദത്തിന് സാക്ഷികള്‍ അയോദ്ധ്യാനിവാസികള്‍ തന്നെയാണ്. ഇപ്പോള്‍ സുപ്രീം കോടതി അയോദ്ധ്യാ കേസില്‍ അന്തിമവിധി പുറപ്പെടുവിച്ചു കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങിയ എല്ലാ കക്ഷികളുടെയും പേര് മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കൂട്ടത്തില്‍ മതപരമായ തര്‍ക്കങ്ങള്‍ക്കിടയിലും മാനുഷികമായ സൗഹൃദം നിലനിര്‍ത്തിയിരുന്ന രണ്ടുപേര്‍ എന്ന നിലയില്‍ രാമചന്ദ്രപരമഹംസും ഹാഷിം അന്‍സാരിയും സമൂഹത്തിന് മാതൃകയാവുകയാണ്. 2016 -ല്‍ ഹാഷിം അന്‍സാരിയുടെ മരണശേഷം കേസുകള്‍ നടത്തിയിരുന്നത് മകന്‍ ഇഖ്ബാല്‍ അന്‍സാരിയാണ്. 'ഇരുവരും അവരവര്‍ ശരിയെന്നു കരുതിയതിനു പിന്നാലെ കേസുമായി നടന്നു. എങ്കിലും പരസ്പരം ശത്രുതയൊന്നും ഉണ്ടായിരുന്നില്ല അവര്‍ക്കിടയില്‍' ഇഖ്ബാല്‍ അന്‍സാരി പറയുന്നു. ഇരുവരും ഇരുമതങ്ങളുടെയും ആഘോഷങ്ങളിലും പരസ്പരം പങ്കുചേര്‍ന്നിരുന്നുവത്രെ.

 

1949 -ല്‍ ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചതിനെതിരെ ഫൈസാബാദ് കോടതിയെ സമീപിച്ചത് ഹാഷിം അന്‍സാരിയായിരുന്നു. അന്ന് ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ച് ദിഗംബര്‍ അഖാഡയ്ക്ക് വേണ്ടി രാമചന്ദ്ര പരമഹംസും കോടതിയില്‍ കേസുനടത്തി. 2003 -ല്‍ തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ രാമചന്ദ്ര പരമഹംസ് അന്തരിച്ചു. മരണവിവരമറിഞ്ഞ് ഹാഷിം അന്‍സാരി വീട്ടില്‍ വന്നു എന്നും അടുത്ത ദിവസം സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മാത്രമേ തിരിച്ചു പോയുള്ളൂ എന്നും പരമഹംസുമായി അടുത്തബന്ധമുള്ള മഹന്ത് സുരേഷ് ദാസ് പറഞ്ഞു. ഹിന്ദുമുസ്‌ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു കേസ് കോടതിയില്‍ നടന്നിട്ടും അയോദ്ധ്യയില്‍ അവര്‍ക്കിടയില്‍ കാര്യമായ ആഭ്യന്തര ലഹളകളൊന്നും നടക്കാതിരുന്നത് ഇവര്‍ രണ്ടുപേരും മനഃപൂര്‍വം സ്വീകരിച്ചു പോന്ന സൗഹാര്‍ദ്ദ മനസ്ഥിതികൊണ്ട് കൂടിയാണ്.

 

OTHER SECTIONS