സംസ്ഥാനസർക്കാരിന്റെ കോവിഡ് പ്രധിരോധ പ്രവർത്തനം പാളി;നവംബർ ഒന്നിന് വഞ്ചനാ ദിനം ആചരിക്കും ; രമേശ് ചെന്നിത്തല

By online desk .27 10 2020

imran-azhar

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ കോവിഡ് പ്രധിരോധ പ്രവർത്തനം പാളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

കോവിഡ് 19 നെ ഒരു രാഷ്ട്രീയപ്രചരണ ആയുധമാക്കി മാറ്റാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കേരളം ഇതാ കോവിഡിനെ തോൽപ്പിച്ചു എന്നു പ്രചരണം നടത്താനായിരുന്നു സർക്കാറിന് ഉത്സാഹം. കേരളത്തിന് പുറത്തുള്ള മലയാളികൾ അന്ന് നേരിട്ട ദുരിതത്തിന് കണക്കില്ലായിരുന്നു. മാരത്തൺ മത്സരത്തിന്റെ ആദ്യ നൂറു മീറ്റർ പിന്നിട്ടപ്പോൾത്തന്നെ കപ്പ് കിട്ടിയതായി സർക്കാരും ഒപ്പമുള്ളവരും ആർത്തുവിളിച്ചു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


വേണ്ടത്ര മുൻകരുതൽ എടുക്കാതെ, വേണ്ട സമയമെല്ലാം പരസ്യകോലാഹലങ്ങൾക്കു ഇടം കൊടുത്ത സർക്കാർ, പ്രതിസന്ധിഘട്ടത്തിൽ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച പിന്നീട് നമുക്ക് കാണേണ്ടി വന്നു. അമ്പലക്കുരങ്ങനും തെരുവുപട്ടിക്കും ഭക്ഷണം നല്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ജൂനിയർ ഡോക്ടർമാർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആംബുലൻസിലെ ഡ്രൈവർ മണിക്കൂറുകളോളം വാഹനം നിർത്തിയിട്ട് കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇപ്പോളിതാ ഒരു ഡോക്ടർക്ക് കോവിഡ് രോഗികളുടെ ജീവനെടുക്കുന്ന സർക്കാർ സംവിധാനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ മുന്നിൽ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നു അദ്ദേഹം പറഞ്ഞു.


പോലീസിനെ ഉപയോഗിച്ചല്ല കോവിഡിനെ നേരിടേണ്ടത്. ജനവിശ്വാസം നേടിയെടുത്ത് ആരോഗ്യവിദഗ്ധർ ചെയ്യേണ്ട ജോലിയാണത്. കോവിഡ് നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്. വ്യാജപ്രചാരണങ്ങളിൽ അഭിരമിക്കാതെ സർക്കാർ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നു. രോഗത്തെപ്പോലും പരസ്യപ്രചാരണത്തിനുപയോഗിച്ച പിണറായി വിജയൻ സർക്കാരിനെതിരെ നവംബർ 1ന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കും അദ്ദേഹം വ്യക്തമാക്കി 

OTHER SECTIONS