സര്‍ക്കാര്‍ മതേതരത്വം ദുര്‍ബലപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

By Online Desk .11 01 2019

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലെ മതേതരത്വം ദുര്‍ബലപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതു ഭരണത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്കാണ് നയിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് അജണ്ടയെ പിന്‍തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. നവകേരളം നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഭരണപരാജയം മറച്ചുവയ്ക്കാനാണ് ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജോണി നെല്ലൂര്‍ അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എ, ഡെയ്സി ജേക്കബ്, വല്‍സന്‍ അത്തിക്കല്‍, വാക്കനാട് രാധാകൃഷ്ണന്‍, കെ. മോഹനന്‍പിള്ള, ജോര്‍ജ് ജോസഫ്, സത്യന്‍ എഴുകോണ്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

OTHER SECTIONS