കൊല്ലപ്പെട്ട റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ സംസ്‌കരിക്കും

By online desk.22 04 2019

imran-azhar

കൊളംബോ: ശ്രീലങ്കയില്‍ ഇന്നലെ നടന്ന സ്‌ഫോടനപരമ്പരയില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു.

 

ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു. റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിനൊപ്പമാണ് ദുബായില്‍ സ്ഥിര താമസമാക്കിയ റസീന ബന്ധുക്കളെ കാണാന്‍ ഒരാഴ്ച മുമ്പ് ശ്രീലങ്കയില്‍ എത്തിയത്.

 

ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു സ്‌ഫോടനം നടന്നത്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ തലേദിവസം ദുബായ്ക്ക് പുറപ്പെട്ടിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് ഇദ്ദേഹം സ്‌ഫോടനവിവരം അറിയുന്നത്. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ മരണം 215 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്.

 

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു. അതിനിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ശ്രീലങ്കന്‍ വ്യോമസേന ഇത് നിര്‍വീര്യമാക്കിയെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

OTHER SECTIONS