കുഴിബോംബുകള്‍ കണ്ടെത്താന്‍ മഗാവ ഇനിയില്ല, സൈനിക സേവനത്തിന് വിരാമമിട്ട് അവന്‍ യാത്രയായി

By Avani Chandra.13 01 2022

imran-azhar

 

നോം പെന്‍ (കംബോഡിയ): വലിപ്പം കൊണ്ടും ബലം കൊണ്ടും തന്നെക്കാള്‍ വലുതായ അനേകായിരം മനുഷ്യരുടെ ജീവന്‍ രക്ഷിച്ച മഗാവ എന്ന എലി ഒടുവില്‍ മരണത്തിന് കീഴടങ്ങി. അഞ്ചു വര്‍ഷത്തെ സൈനിക സേവനത്തിനിടെ നൂറിലേറെ കുഴിബോംബുകളാണ് മഗാവ മണത്തു കണ്ടുപിടിച്ചിട്ടുള്ളത്. കുറച്ച് ദിവസങ്ങളിലായി മഗാവയുടെ ആരോഗ്യനില മോശമായിരുന്നു. എട്ടു വയസ്സായിരുന്നു മഗാവയ്ക്ക്.

 

1.2 കിലോഗ്രാം ഭാരവും 70 സെന്റീമീറ്റര്‍ നീളവുമാണ് ജയന്റ് പൗച്ച്ഡ് റാറ്റ് ഇനത്തില്‍ പെട്ട മഗാവയ്ക്കുണ്ടായിരുന്നത്. ടാന്‍സാനിയയിലാണ് ജനനം. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എ.പി.ഒ.പി.ഒ. 2017-ലാണ് അതിന് വിദഗ്ധപരിശീലനം നല്‍കിയത്. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനു ശേഷം മഗാവ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവന് ഇഷ്ടപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ സമ്മാനമായി നല്‍കിയായിരുന്നു പരിശീലനം. 2020-ല്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പീപ്പിള്‍ ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പി.ഡി.എസ്.എ.) മഗാവയുടെ ധീരമായ പ്രവൃത്തികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു. കഴിഞ്ഞ ജൂണില്‍ ജോലിയില്‍ നിന്നും വിരമിച്ചു.

 

ഒരു ജനതയെ നിര്‍ഭയമായി ജീവിക്കാന്‍ അവസരമൊരുക്കിയ മഗാവയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധം കാരണം ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ ഉപയോഗിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് കംബോഡിയ. 60 ലക്ഷത്തോളം കുഴിബോംബുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടാതെ കിടപ്പുണ്ടെന്നാണ് കണക്ക്. 4000-ത്തിലധികം പേര്‍ക്ക് ഇതുവരെ സ്‌ഫോടനങ്ങളില്‍ അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്.

 

സാധാരണ എലികളുമായി വിദൂരബന്ധം മാത്രമുള്ള എലിവര്‍ഗമാണ് ജെയന്റ് പൗച്ച്ഡ് റാറ്റ്. മണംപിടിക്കാന്‍ അസാമാന്യമായ കഴിവ് ഇവയ്ക്കുണ്ട്. പരിശീലനം നല്‍കിയാല്‍ ഒരു മനുഷ്യന്‍ നാലു ദിവസം കൊണ്ട് കണ്ടെത്തുന്ന കുഴിബോംബ് വെറും 20 മിനിറ്റുകൊണ്ട് കണ്ടെത്താന്‍ ഇവയ്ക്കാകും. ഭാരം കുറവായതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെ വേഗത്തില്‍ നീങ്ങാന്‍ സാധിക്കുമെന്നതും സവിശേഷതയാണ്.

 

OTHER SECTIONS