സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നു മുതല്‍, ഭക്ഷ്യ കിറ്റ് വിതരണം ഈയാഴ്ച തുടങ്ങും

By Online Desk .30 03 2020

imran-azhar


തിരുവനന്തപും: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. ഒപ്പം സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങാനാണ് തീരുമാനം. എല്ലാ ദിവസവും ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാകും സൗജന്യ റേഷന്‍ വിതരണം ചെയ്യുക.
അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രിയോരിറ്റി ഹൗസ് ഹോള്‍ഡ്സ് (പി.എച്ച്.എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20നു മുമ്പ് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണം.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യ ധാന്യം


റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്‍കണം. കളവായി സത്യവാങ്മൂലം നല്‍കി റേഷന്‍ കൈപ്പറ്റുന്നവരില്‍ നിന്ന് ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.

കിറ്റ് വിതരണം ഏപ്രില്‍ ആദ്യ വാരം മുതല്‍


ഏപ്രില്‍ ആദ്യ വാരം മുതല്‍ കിറ്റ് നല്‍കിത്തുടങ്ങും. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കിറ്റ് നല്‍കുന്നതിനാവശ്യമായ ചെറുപയര്‍, കടല, തുവര, ഉഴുന്ന് എന്നിവ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡിനെ സമീപിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് നല്‍കുന്നതിന് 756 കോടി രൂപയാണ് ചെലവ്. കിറ്റ് ആവശ്യമില്ല എന്നു സ്വയം വെളിപ്പെടുത്തുന്നവരേയും നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരെയും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രില്‍ മാസത്തില്‍ ത്തന്നെ പൂര്‍ത്തിയാക്കും

OTHER SECTIONS