അങ്കിതയുടേത് മുങ്ങി മരണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By priya.25 09 2022

imran-azhar

 

ഡെറാഡൂണ്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.അങ്കിതയുടേത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.അങ്കിതയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഈ മറിവുകള്‍ മരണത്തിന് മുന്‍പ് അങ്കിത ക്രൂരമായ ആക്രമണത്തിന് ഇരയായതായി സൂചിപ്പിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.

 

ഋശികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാനായി വീട്ടുകാര്‍ക്ക് വിട്ട് നല്‍കി. ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയായ അങ്കിത ഭണ്ഡാരിയുടെ മരണം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


ചില്ല കനാലില്‍ നിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളായ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയതായി സമ്മതിച്ചിരുന്നു. കോടതി പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.


റിസോര്‍ട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് പ്രത്യേക സേവനങ്ങള്‍ ചെയ്യാനായി റിസോര്‍ട്ട് ഉടമ അങ്കിത ഭണ്ഡാരിയെ സമ്മര്‍ദ്ദത്തിലാക്കിയതായി ഡിജിപി അശോക് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞതെന്ന് ഉത്തരാഖണ്ഡിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.


റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടത് പ്രകാരം അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാണ് സുഹൃത്ത് കൊല്ലപ്പെട്ടതെന്ന് അങ്കിത ഭണ്ഡാരിയുടെ ഫേസ്ബുക്ക് സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. എക്‌സ്ട്രാ സര്‍വീസ് എന്ന പേരിലാണ് അങ്കിതയെ ലൈംഗികവൃത്തിക്ക് റിസോര്‍ട്ട് ഉടമകള്‍ നിര്‍ബന്ധിച്ചതെന്ന് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റില്‍ വെളിപ്പെടുത്തുന്നു. ഋഷികേശിലെ റിസോര്‍ട്ടിലെത്തുന്ന വി.വി.ഐ.പികള്‍ക്കാണ് ഈ സര്‍വീസുള്ളത്.

 

 

 

OTHER SECTIONS