സബ്‌സിഡി നിരക്കില്‍ എല്‍പിജി വിതരണത്തിനൊരുങ്ങി സ്വകാര്യ കമ്പനികള്‍; റിലയന്‍സിനും അനുമതി ലഭിച്ചേക്കും

By mathew.12 06 2019

imran-azhar


ന്യൂഡല്‍ഹി: പാചകവാതകം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി ലഭിച്ചേക്കും..

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികള്‍ ദീര്‍ഘനാളായി ഇതേ ആവശ്യവുമായി രംഗത്തുള്ളവരാണ്. നിലവില്‍ പൊതുമേഖല കമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയന്‍സിന്റെ പ്ലാന്റില്‍ വന്‍തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ സബ്സിഡി സിലിണ്ടര്‍ വിതരണത്തിന് സര്‍ക്കാരില്‍ വന്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.

നിലവില്‍ പൊതുമേഖല കമ്പനികള്‍ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലെത്തിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് സബ്സിഡി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടണ്‍ എല്‍പിജിയാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഉപയോഗിച്ചത്. ഇതില്‍ പകുതിയും ഇറക്കുമതി ചെയ്തതാണ്.


സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

സാമ്പത്തിക വിദഗ്ധന്‍ കിരിത് പരീഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജിസി ചതുര്‍വേദി, ഇന്ത്യന്‍ ഓയിലിന്റെ മുന്‍ ചെയര്‍മാന്‍ എംഎ പത്താന്‍, ഐഐഎം അഹമ്മദാബാദ് ഡയറക്ടര്‍ ഇറോള്‍ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.

 

OTHER SECTIONS