മതത്തെ കുറിച്ച് പഠിക്കാത്തവരാണ് യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികള്‍ : അന്‍വര്‍ സാദത്ത് എം.എല്‍.എ

By Raji.14 Feb, 2018

imran-azhar

ആലുവ: മതത്തെ കുറിച്ച് പഠിക്കാത്തവരാണ് യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളാകുന്നതെന്ന്അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് സംഘടിപ്പിച്ച 95-ാമത് സര്‍വ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. എല്ലാ മതവും മനുഷ്യ നന്മയാണ് ലക്ഷ്യമാക്കുന്നത്. ഇതറിയാത്തവരാണ് വര്‍ഗീയതക്കും തീവ്രവാദത്തിനും അടിമകളാകുന്നതെന്നും എം.എല്‍.എ പറഞ്ഞു.


സാഹോദര്യവും സ്‌നേഹവും സമത്വവുമാണ് പുലരേണ്ടത്. മതത്തെവ്യക്തിപരമായതാത്പര്യങ്ങള്‍ക്കായിഉപയോഗപ്പെടുത്തുന്നിടത്താണ് വര്‍ഗീയതയും അകല്‍ച്ചയുമെല്ലാം തുടങ്ങുന്നത്. നബിയുടെ വചനം ഉള്‍കൊള്ളുന്നവര്‍ക്കൊന്നും തീവ്രവാദികളാകാനാകില്ല. തീവ്രവാദികള്‍ക്കൊന്നും യഥാര്‍ത്ഥ ഇസ്ലാം ആകാനുമാകില്ല. എല്ലാ മതങ്ങളും അവസാനം ദൈവത്തിലേക്കാണ് എത്തുന്നത്. നമ്മുക്ക് വേണ്ടത് നന്മയാണ്. തിന്മയെ നന്മകൊണ്ട് നേരിടണമെന്നും എം.എല്‍.എ പറഞ്ഞു.


ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ പോലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങില്‍ ക്രിസ്തുമതത്തെ കുറിച്ച് സംസാരിച്ച ഫാ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. എന്നിട്ടും ഭീകരവാദവും മതമൗലീകവാദവും നാം നേരിടുന്ന പ്രധാന വിപത്തുക്കളായി വളര്‍ന്നെങ്കില്‍ അതിനെ തടയാന്‍ പൊതുസമൂഹത്തിനാകണം. മഴ വില്ലിന്റെ നിറങ്ങള്‍ പോലെ മതങ്ങള്‍ മനോഹരമായി ഇവിടെ നിലനില്‍ക്കണമെന്നും മെത്രൊപ്പൊലീത്ത പറഞ്ഞു.

മതത്തെ കുറിച്ചുള്ള അജ്ഞതയാണ് മതത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമെന്ന് മുസ്ലീം മതത്തെ കുറിച്ച് പ്രഭാഷണം നടത്തിയ മുഹമ്മദ് ഫൈസി ഓണംപിള്ളി പറഞ്ഞു. ദേഷ്യം വരാതിരിക്കുന്നിടത്താണ് മതമെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. വൈവിദ്യങ്ങള്‍ നിറഞ്ഞ പിറന്ന നാടിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കേണ്ടതും മതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ ബുദ്ധമതത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ബുദ്ധമത്തെ കുറിച്ച് പ്രസംഗിച്ച ഡോ. എന്‍. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

ഹിന്ദു മതത്തെ കുറിച്ച് നിലമ്പൂര്‍ ശ്രീരാമകൃഷ്ണ ആശ്രമം സെക്രട്ടറി സ്വാമി ആത്മസ്വരൂപാനന്ദ പ്രഭാഷണം നടത്തി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും സ്വാമി ഗുരുപ്രകാശം നന്ദിയും പറഞ്ഞു.

 

OTHER SECTIONS