ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പരക്കെ മഴ പെയ്തതോടെ വായു മലിനീകരണത്തോത് കുറഞ്ഞു. ശനിയാഴ്ച ശരാശരി ഗുണനിലവാരത്തോത് 213 ആയിരുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണം ഏറ്റവും മോശം ജഹാംഗീര്‍ പുരി, ആനന്ദ് വിഹാര്‍, പഞ്ചാബി ബാഗ് പ്രദേശങ്ങളിലാണ്. ശനിയാഴ്ച ഈ പ്രദേശത്തും 300 ല്‍ താഴെയാണ് വായുമലിനീകരണത്തോത്.
ഇതിനിടെ ഡല്‍ഹി സര്‍വ്വകലാശാല കാമ്പസിലും കോളേജുകളിലും ശൈത്യകാലാവധി നേരത്തെയാക്കി. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് അവധി പ്രഖ്യാപിച്ചത്.
ശൈത്യകാലത്തിന്റെ തുടക്കത്തിലുണ്ടാകുന്ന പുകമഞ്ഞും വായു മലിനീകരണവും രൂക്ഷമായതോടെ ഇതിന് പരിഹാരമായി രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.
എന്നാല്‍ വരും ദിവസങ്ങളിലും വായുമലിനീകരണത്തോത് കുറയുമോയെന്ന് പരിശോധിച്ച ശേഷമാകും കൃത്രിമമഴ പെയ്യിക്കുന്ന നടപടിയില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. പരക്കെ മഴ ലഭിച്ച സാഹചര്യത്തില്‍ തത്ക്കാലം ഇതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള നിര്‍ദ്ദേശം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. മന്ത്രി പറഞ്ഞു.
ക്ലൗഡ് സീഡിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഴപെയ്യിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം നടന്ന ദിവസം രാത്രി പരക്കെ മഴ പെയ്തപ്പോള്‍ ഈ മഴയും കൃത്രിമമാണെന്ന മട്ടില്‍ സാമൂഹിക മാദ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണമുണ്ടായിരുന്നു. ദീപാവലിക്ക് ശേഷം അന്തരീക്ഷവായുവിന്റെ നിലവാരം പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.