2019ൽ 41,153 റോഡപകടങ്ങൾ, ജീവൻ നഷ്ടമായത് 4,408 പേർക്ക്

By Sooraj Surendran .19 01 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ശരാശരി 12 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു. 2019ൽ 41,153 റോഡപകടങ്ങളാണ് കേരളത്തിൽ നടന്നത്, ഇതിൽ 4,408 പേർക്കാണ് ജീവൻ നഷ്ടമായത്. 2018ലെ ജനുവരി-ഡിസംബർ കാലയളവിൽ നടന്ന റോഡപകടങ്ങൾ താരതമ്യം ചെയ്യുമ്പോൾ 2019ൽ ഇതേ കാലയളവിൽ അപകടങ്ങളും മരണങ്ങളും 2.4% വർദ്ധിച്ചു. അപകടങ്ങളുടെ എണ്ണം 2018ൽ 40,181ൽ ആയിരുന്നെങ്കിൽ 2019 ൽ 41,153 ആയി ഉയർന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ (കെആർ‌എസ്‌എ) ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് ആണ് താൽക്കാലിക റോഡ് അപകട സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. 2018 ൽ പ്രതിദിന മരണങ്ങൾ ശരാശരി 11.78 ആയിരുന്നത് 2019ൽ 12.07 ആയി ഉയർന്നു. അതേസമയം 2017ൽ 38,470 റോഡപകടങ്ങളിൽ നിന്നായി 4,131 പേരാണ് മരിച്ചത്.

 

2019 ൽ ഇടുക്കിയിൽ റോഡപകടങ്ങൾ 19.8 ശതമാനവും കാസരഗോഡിൽ 5.9 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 5.1 ശതമാനവും കുറഞ്ഞു. അതേസമയം, കോഴിക്കോട് 11.9 ശതമാനവും, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ 8.5 ശതമാനവും, വയനാട് 8.2 ശതമാനവും, കണ്ണൂരിൽ 8.1 ശതമാനവും, പത്തനംതിട്ട ജില്ലയിൽ 6.1 ശതമാനവുമായി ഉയർന്നു. 2018നെ അപേക്ഷിച്ച് 2019ൽ റോഡപകടങ്ങൾ 0.2 ശതമാനം വർധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. 545 അപകട മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ 16.5 ശതമാനം അപകട മരണവും (106 മരണം), പാലക്കാട് 14.4 ശതമാനവും (397 മരണം), പത്തനംതിട്ട14.1 ശതമാനവും (170 മരണം) കോഴിക്കോട് 11.1 ശതമാനവുമാണ് (379 മരണം) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം 2018നെ അപേക്ഷിച്ച് 2019ൽ കാസർഗോഡിൽ 8.5 ശതമാനവും (118), തൃശൂരിൽ 8.5 ശതമാനവും (411), കൊല്ലം ജില്ലയിൽ 6.2 ശതമാനവും (440) മരണനിരക്ക് കുറഞ്ഞു. നിലവിൽ റോഡ് സുരക്ഷാ നിയമങ്ങൾ പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും കർശനമായി പാലിക്കുന്നതിന്റെയും പിഴ തുകയിൽ വരുത്തിയ വർധനയും അപകടങ്ങളും, അപകട മരണങ്ങളും ഒരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് റോഡ് സുരക്ഷാ കമ്മീഷണർ എൻ. ശങ്കർ റെഡ്ഡി പറഞ്ഞു.

 

OTHER SECTIONS