തലസ്ഥാനത്ത് പ്രേംനസീറിന്റെ പേരില്‍ റോഡ്

By online desk.07 12 2019

imran-azhar

 

തിരുവനന്തപുരം : തലസ്ഥാനത്തെ ഒരു പ്രധാന റോഡിന് നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേര് നല്‍കാന്‍ തീരുമാനം. മേയര്‍ കെ.ശ്രീകുമാര്‍ മുന്‍കൈയെടുത്താണ് റോഡിന് പ്രേംനസീറിന്റെ പേരിടുന്നത്. അതിനിടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നര്‍ത്തകിമാരും ചലച്ചിത്രതാരങ്ങളുമായിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം വേണം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമാവുകയാണ്.

 

പാപ്പനംകോടാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ക്ക് സ്മാരകം ഉയരുന്നത്. മലയാള സിനിമയെ എന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഡാന്‍സര്‍ തമ്പിയുടെ നേതൃത്വത്തില്‍ ഇതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേമം എംഎല്‍എ ഒ. രാജഗോപാലാണ് ഇതിനു തുടക്കം കുറിച്ചത്. അഭിനയചക്രവര്‍ത്തി സത്യന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ അന്ത്യയാത്രയില്‍ സജീവസാന്നിദ്ധ്യമായിരുന്ന ഡാന്‍സര്‍ തമ്പി, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കായി തലസ്ഥാനത്ത് സ്മാരകം നിര്‍മ്മിക്കണം എന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നു.

 

അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മേയര്‍ കെ.ശ്രീകുമാറിനോടുള്ള നന്ദി സൂചകമായി ഡാന്‍സര്‍ തമ്പിയും സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രത്തിന്റെ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പ്രേംനസീറിന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് നല്‍കുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ചലച്ചിത്രോത്സവ വേദിയില്‍ ഒ. രാജഗോപാലിനു സ്വീകരണം നല്‍കും. ഡാന്‍സര്‍ തമ്പിയുടെ നേതൃത്വത്തില്‍ പഴയ ചലചിത്ര ഗാനങ്ങളുടെ നൃത്താവിഷ്‌കാരവും ഉണ്ടാവും.

OTHER SECTIONS