'എന്നോട് മാപ്പ് നല്‍കുക'. ...മോഷണമുതല്‍ തിരികെ വച്ച് കള്ളന്റെ മാപ്പപേക്ഷ

By Anju N P.13 Jul, 2018

imran-azhar

അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച് കള്ളന്റെ മാപ്പപേക്ഷ..അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഒന്നരപ്പവന്റെ ആഭരണങ്ങളാണ് കുറ്റബോധത്താന്‍ കള്ളന്‍ തിരികെ കൊണ്ട് വച്ചത്. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കണ്ടത്..

 

വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട് മോതിരങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ക്ക് മനസ്സിലായി രാത്രിതന്നെ ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ടെയ്തു.

 


വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ പ്ലാസ്റ്റിക് കൂടിലാക്കി തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തി. ഒപ്പം അക്ഷരതെറ്റുകള്‍ നിറഞ്ഞ ഒരുതുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. 'എന്നോട് മാപ്പ് നല്‍കുക. എന്റെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാന്‍ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാന്‍ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.'

 

ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്.പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സി.ഐ. ബിജു വി.നായര്‍ അറിയിച്ചു.