റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങുന്നു

By mathew.21 10 2019

imran-azhar

 

ധാക്ക: ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംങ്ക്യന്‍ മുസ്ലിങ്ങളെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങി ബംഗ്ലദേശ്. ഇവര്‍ ദ്വീപിലേക്ക് മാറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ദ്വീപില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്.

ഒരു ലക്ഷത്തോളം റോഹിംഗ്യകളെ ചതുപ്പ് നിറഞ്ഞ ദ്വീപിലേക്ക് മാറ്റാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. പത്ത് ലക്ഷത്തോളം അഭയാര്‍ഥികള്‍ തങ്ങുന്ന അതിര്‍ത്തിയിലെ ക്യാമ്പുകളിലെ തിരക്ക് കുറയ്ക്കാന്‍ ഇതുപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

2017 ആഗസ്റ്റില്‍ മ്യാന്‍മറിലുണ്ടായ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്നാണ് ഏഴര ലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയതത്. രാജ്യത്തെ കോക്‌സസ് ബസാറിലെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന രണ്ട് ലക്ഷം അഭയാര്‍ഥികള്‍ക്ക് പുറമേയായിരുന്നു ഇത്.

ഭാഷാന്‍ ചാര്‍ ദ്വീപില്‍ പുനരധിവാസ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അടുത്ത ദിവസങ്ങളിലായി ഔദ്യോഗിക സംഘമെത്തുമെന്ന് രാജ്യത്തെ അഭയാര്‍ഥി വിഭാഗം കമ്മിഷണര്‍ മഹ്ബൂബ് ആലം അറിയിച്ചു. ആറായിരം മുതല്‍ ഏഴായിരം വരെയുള്ള അഭയാര്‍ഥികള്‍ ഇതിനോടകം ഭാഷാന്‍ ചാറിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചതായും കൂടുതല്‍ പേര്‍ സന്നദ്ധതയറിയിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സ്ഥിതികള്‍ മനസ്സിലാക്കുന്നതിനായി റോഹിംഗ്യന്‍ നേതാക്കളെയും ദ്വീപിലേക്കു കൊണ്ടുപോകുമെന്ന് ആലം എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

അതേസമയം, എപ്പോഴാണ് അഭയാര്‍ഥികളെ ഇവിടേക്ക് മാറ്റുകയെന്ന കാര്യത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഡിസംബറോടെ ഇത് ഉണ്ടാകുമെന്നാണ് കെട്ടിടങ്ങളൊരുക്കുന്ന ചുമതലയുള്ള സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

 

OTHER SECTIONS