വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം

By online desk.03 12 2019

imran-azhar

 

ന്യൂ ഡല്‍ഹി : ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പിഡീപ്പിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദ്മായി. സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളിലെ എംപിമാരും നിലപാട് വ്യക്തമാക്കി. ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് സമാജ്വാദി പാട്ടി എംപി ജയാ ബച്ചന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

 

'ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം പല തവണ സഭയില്‍ ഇങ്ങനെ സംസാരിച്ചിട്ടുണ്ട്. നിര്‍ഭയ, കഠ്വ, തെലങ്കാന അങ്ങനെ നിരവധി തവണ. എന്നാല്‍ സര്‍ക്കാറിന്റെ വിശദീകരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്തത്? എങ്ങനെയാണു വിഷയം കൈകാര്യം ചെയ്തത്? ആരുടെയും പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. എങ്കിലും എന്തുകൊണ്ട് ഈ അതിക്രമങ്ങള്‍ തടയാന്‍ സാധിച്ചില്ല?' ജയാ ബച്ചന്‍ ചോദിച്ചു. അതിക്രമങ്ങളില്‍നിന്നു സ്തീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ സാധിക്കാത്തവര്‍ ലജ്ജിക്കണമെന്നും അവര്‍ പറഞ്ഞു.

 

അണ്ണാഡിഎംകെ എംപി വിജിലാ സത്യനാഥ്, കോണ്‍ഗ്രസ് എംപി അമീ യജ്‌നിക് എന്നിവരും രാജ്യസഭയില്‍ രൂക്ഷമായി പ്രതികരിച്ചു. പ്രസംഗത്തിനിടെ പൊട്ടിക്കരഞ്ഞ വിജിലാ സത്യനാഥ് സ്ത്രീകളും കുട്ടികളും രാജ്യത്ത് സുരക്ഷിതരല്ലെന്നു പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കായി കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.

 

അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് അപ്പീല്‍ അനുവദിക്കുന്ന രീതിയെക്കുറിച്ച് പുനര്‍ചിന്തിക്കണമെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ എം വെങ്കയ്യാനായിഡു. സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിച്ചതിനുശേഷവും എന്ത് സംഭവിക്കുന്നു എന്നതിന് നാമെല്ലാവരും സാക്ഷികളാണ്. അപ്പീല്‍ പോകുന്നു, ദയാഹര്‍ജി നല്‍കുന്നു. ഇത്തരം ആളുകളോട് കരുണകാണിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ഇതാണ് പിന്തുടരുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിയമത്തിലെ മാറ്റത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലൈംഗികാതിക്രമങ്ങള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണെന്ന ആവശ്യം എംപിമാര്‍ ഉന്നയിച്ചു. ഇത്തരം കോടതികള്‍ പരിഹാരമാണെങ്കിലും അപ്പീലുകള്‍ നല്‍കുന്നത് തുടരുമെന്നും നായിഡു പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഒരു സാമൂഹിക രോഗമാണെന്നും നിയമത്തിലും പൊലീസ് വ്യവസ്ഥയിലും വിടവുകള്‍ ഉണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കണമെന്നും അതിലൂടെ അവര്‍ക്ക് ചില സാമൂഹിക കളങ്കങ്ങളും ഭയവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS