യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ;ഡോണ്‍ബാസ് നരകമായെന്ന് സെലെന്‍സ്‌കി

By Priya.21 05 2022

imran-azhar

കീവ്:നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും ശ്രമിക്കുമ്പോള്‍ അതിന് പ്രതികാരമെന്നോണം യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ.ഇന്നലെ ആകാശത്തുനിന്നും കരയില്‍ നിന്നുമായി ഡോണ്‍ബാസ് മേഖലയില്‍ അതിശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്.ആക്രമണത്തില്‍ ജനവാസകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും പൗരന്മാര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഡോണ്‍ബാസ് നരകമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഓരോ വീടും തകര്‍ക്കുന്ന തരത്തിലുള്ള കനത്ത ഷെല്ലാക്രമണമാണ് സീവീറോഡോണെട്‌സ്‌കില്‍ നടന്നത്.ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്ന് പോലും കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

 

 

റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക് ഉടന്‍ തന്നെ പിടിച്ചെടുക്കുമെന്ന് റഷ്യ ഇതിനിടെ അവകാശപ്പെട്ടു. ശക്തമായ ആക്രമണം നടന്ന മരിയുപോളില്‍ ഗുരുതരമായി പരുക്കേറ്റ സേനാംഗങ്ങളെ നീക്കി. മറ്റുള്ളവരുടെ സ്ഥിതിയെന്തായെന്ന് വ്യക്തമായിട്ടില്ല. 1700 പേര്‍ കീഴടങ്ങിയെന്നാണ് സൂചന. 2000 പേര്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

 

 

ഇതിനിടെ പാശ്ചാത്യരാജ്യങ്ങള്‍ യുക്രൈനിനു കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുകയാണ്.ജി7 രാജ്യങ്ങള്‍ യുക്രൈനിനു 950 കോടി ഡോളറിന്റെ സഹായം കൂടി നല്‍കാന്‍ തീരുമാനിച്ചു.യുഎസ് 4000 കോടി ഡോളറിന്റെ സഹായം അനുവദിച്ചു. യൂറോപ്യന്‍ യൂണിയന്‍ 950 കോടി ഡോളറിന്റെ വായ്പ നല്‍കും. യുക്രൈനിലേക്കുള്ള ഭക്ഷ്യസഹായം തടയുന്ന റഷ്യയുടെ പടക്കപ്പലുകള്‍ തകര്‍ക്കുന്നതിനായി മിസൈലുകള്‍ നല്‍കാനും യുഎസ് നീക്കം തുടങ്ങി.അതേസമയം, ജര്‍മനി യുദ്ധടാങ്കുകളും ഹവിറ്റ്‌സര്‍ തോക്കുകളും നല്‍കും.

 

 

 

OTHER SECTIONS