എല്ല് മുറിച്ചെടുത്തു; മെലിഞ്ഞ് എല്ലുംതോലുമായി, റഷ്യ വിട്ടയച്ച യുക്രൈന്‍ സൈനികന്റെ ചിത്രം പുറത്ത്

By priya.27 09 2022

imran-azhar

 

കീവ് : റഷ്യന്‍ സൈന്യം പിടികൂടിയ ശേഷം വിട്ടയച്ച യുക്രൈന്‍ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സൈനികന്റെ ചിത്രം യുക്രൈന്‍ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്റിലൂടെ പുറത്തുവിട്ടത്.മിഖൈലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിനു മുന്‍പും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്.


തികച്ചും ആരോഗ്യവാനായിരുന്ന ഡയനോവിനെ റഷ്യ മോചിപ്പിച്ചപ്പോള്‍ വളരെയേറെ ക്ഷീണിച്ചിട്ടുണ്ട്. മുഖത്തും കൈകളിലും മുറിവുകള്‍. മെലിഞ്ഞ് എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നു യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണു ട്വീറ്റ്.

 

''യുക്രൈന്‍ സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണ് നാസിസം റഷ്യ പിന്തുടരുന്നത്'' ചിത്രങ്ങള്‍ പങ്കുവച്ച് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

 

ഈ വര്‍ഷം ആദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലാകുന്നത്. ഇദ്ദേഹം ഉള്‍പ്പടെ 205 തടവുകാരെ റഷ്യ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.

 

ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്‌റുഷ്‌കോ അറിയിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ റഷ്യന്‍ സേന ഡയനോവിന്റെ കയ്യില്‍നിന്നും 4 സെന്റിമീറ്റര്‍ എല്ല് മുറിച്ചെടുത്തു. ദീര്‍ഘകാല ചികിത്സ വേണ്ടിവരുമെന്നും സഹോദരി വ്യക്തമാക്കി.

 

 

OTHER SECTIONS