മൂന്ന് ദിവസത്തെ സന്ദര്‍ശനം; വിദേശകാര്യമന്ത്രി ചൈനയില്‍

By mathew.11 08 2019

imran-azhar

 

ബെയ്ജിങ്: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.

ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍, ആരുമായാണ് ചര്‍ച്ച നടത്തുകയെന്നുള്ള കാര്യം വ്യക്തമല്ല. തുടര്‍ന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇരുവരും പങ്കെടുക്കുന്ന ഉന്നത തലയോഗവും നടക്കും. ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലായിരുന്നു ആദ്യത്തെ യോഗം.

സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് ജയശങ്കര്‍. 2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കറായിരുന്നു.

 

OTHER SECTIONS