ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി ഇന്ത്യ-ചൈന ബന്ധം മാറണം; എസ്.ജയശങ്കര്‍

By mathew.12 08 2019

imran-azhar

 

ബെയ്ജിങ്: ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂട കടന്നുപോകുന്ന വേളയില്‍ ഇന്ത്യാ-ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയതിനിടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.

കസാഖിസ്താനിലെ അസ്താനയില്‍ രണ്ട് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തില്‍ കൂടിയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം വര്‍ധിപ്പിക്കാന്‍ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കര്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയോട് കൂടിക്കാഴ്ചയില്‍ ചൈന എതിര്‍പ്പ് രേഖപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടിയില്‍ ചൈന നേരത്തെ നീരസം പ്രകടിപ്പിച്ചിരുന്നു.

സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കറായിരുന്നു.

 

OTHER SECTIONS