മണ്ഡലകാലം പടിവാതില്‍ക്കല്‍; പ്രാര്‍ത്ഥനയോടെ വ്യാപാരികള്‍, വിപണിയില്‍ പഴയ സ്റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നു

By online desk.12 11 2019

imran-azhar

 

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി അടുത്ത ആഴ്ച വരാനിരിക്കെ ആശങ്കയിലാണ് വ്യാപാരികള്‍. മണ്ഡലകാലം ഈ മാസം 17ന് തുടങ്ങുകയാണ്. മുന്‍ വര്‍ഷത്തെ പോലെ സംഘര്‍ഭരിതമായ അന്തരീക്ഷത്തിലുളള തീര്‍ത്ഥാടനം ഇത്തവണ ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥനയിലാണ് കച്ചവടക്കാര്‍.

 

കഴിഞ്ഞ വര്‍ഷം ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞ് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ മൂലം പോയ വര്‍ഷം വിപണിയില്‍ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. ഇത്തവണയും ഇതുവരെ പ്രതീക്ഷ നൽകുന്നതൊന്നും വിപണിയില്‍ ഇല്ലെന്നാണ് വ്യാപാരികളുടെ പക്ഷം. സാധാരണ ദീപാവലി സീസണ്‍ കഴിഞ്ഞയുടന്‍ ശബരിമലയുമായി ബന്ധപ്പെട്ട കച്ചവടം തുടങ്ങേണ്ടതായിരുന്നു.

 

എന്നാല്‍ ഇതുവരെ ചാല മാര്‍ക്കറ്റില്‍ ആളും അനക്കവും ഇല്ലാത്തതാണ് വ്യാപാരികളെ ആശങ്കാകുലരാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ സമയം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുളള സാധനങ്ങള്‍ ധാരാളം വിറ്റുപോകുമായിരുന്നു. ശബരിമല സീസണ്‍ പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം വാങ്ങിയ തുളസി മാല, രുദ്രാക്ഷ മാല, തോള്‍ സഞ്ചി തുടങ്ങിയവ വിറ്റുപോയില്ലെന്നും സ്റ്റോക്ക് കെട്ടിക്കിടക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.

 

പ്രതിസന്ധി മുന്നില്‍ കണ്ട് സാധനങ്ങളില്‍ പലതും കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കിലാണ് ഇത്തവണയും വ്യാപാരികള്‍ വില്‍ക്കുന്നത്. രുദ്രാക്ഷ മാല, തുളസിമാല എന്നിവയ്ക്ക് ഗുണനിലവാരം അനുസരിച്ച് പല വിലയാണ്.15 രൂപ മുതല്‍ 150 രൂപ വരെ വിലയുള്ള മാലകള്‍ ഇത്തവണ വിപണിയിലുണ്ട്. ഇരുമുടി കെട്ടിന് 30 രൂപ ഈടാക്കുമ്പോള്‍ പള്ളിക്കെട്ടിന് 20-30 എന്ന നിരക്കിലാണ് വില.100 രൂപ മുതല്‍ 200 രൂപ വരെയുള്ള മുണ്ടുകളാണ് വില്‍പനയ്ക്കുളളത്. തുണിയുടെ നിലവാരത്തിന് അനുസരിച്ച് അതില്‍ ചെറിയ മാറ്റമുണ്ടാകും. മില്‍മയുടെ ഒരു കിലോ നെയ്യിന് 520 രൂപയാണ്. വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തുന്ന സീസണ്‍ കച്ചവടം കടുത്ത പ്രതിസന്ധിയിലാകും.

OTHER SECTIONS