ശബരിമല വിധി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

By Anju N P.19 11 2018

imran-azhar

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി ഗുരുതരമായ ക്രമസമാധാനപ്രശ്നമുണ്ടാക്കിയെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാന്‍ സാവകാശം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ഥാടകരെ തടയുന്നത് തുടരുകയാണെന്നും ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

 

പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനായിട്ടില്ല, കേന്ദ്ര ഉന്നതാധികാര സമിതി നിര്‍മാണ നിയന്ത്രണത്തിന് ശുപാര്‍ശയും നല്‍കി. സ്ത്രീകള്‍ക്കാവശ്യമായ റെസ്റ്റ് റൂം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. മണ്ഡലകാലത്തെ ദര്‍ശനത്തിനായി ആയിരത്തോളം സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്.ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്നും ബോര്‍ഡ് വ്യക്തമാക്കി.

 

സുരക്ഷ ഉറപ്പുവരുത്തിയിട്ടും യുവതികളായ തീര്‍ഥാടകരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിധിക്കെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായി.

 

ചിത്തിര ആട്ട സമയത്തും തുലാമാസ പൂജയ്ക്കും നടതുറന്ന സമയത്ത് ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നതായും ഹര്‍ജിയില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

 

OTHER SECTIONS