സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും; ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും

By priya.25 09 2022

imran-azhar

 

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെലോട്ട് സ്ഥാനമൊഴിയുന്നതിനു പിന്നാലെയായിരിക്കും നിയമനം. മുതിര്‍ന്ന നേതാവ് സി.പി.ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഗാന്ധി കുടുംബം പിന്തുണക്കുന്നത് സച്ചിന്‍ പൈലറ്റിനെയാണ്.


രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു വൈകുന്നേരം 7 മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയിലാണ് യോഗം. നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും.

 

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.

 

ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ക്യാംപ് ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് ഇന്നു വൈകിട്ട് 7ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്.

 

2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സ്പീക്കര്‍ സി.പി.ജോഷിയുമായും എംഎല്‍എമാരുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

 

 

OTHER SECTIONS