By Web Desk.06 07 2022
വടയാര്‍ സുനില്‍
കൊച്ചി: രാജിയില്ലെങ്കില്‍ ഗുരുതരമായ നിയമ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറിപ്പിന്റെ നിയമോപദേശം വന്നതോടെയാണ് സി. പി.എം. നേതൃത്വം സജി ചെറിയാനെ കൈവിടാന്‍ തീരുമാനിച്ചത്. മന്ത്രിയെ പാര്‍ട്ടി സംരക്ഷിച്ചാല്‍ പുറത്താക്കാനുള്ള നടപടിയാകാമെന്ന നിയമോപദേശം ഗവര്‍ണര്‍ക്കും ഇന്നലെ തന്നെ ലഭ്യമായിരുന്നു.
സജി ചെറിയാന്റെ പ്രസംഗം വിവാദമായ ഉടന്‍ തന്നെ മുഖ്യമന്ത്രി എ.ജി. യുടെ നിയമോപദേശം തേടിയിരുന്നു. ഇന്നലെ രാവിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞതിനു തൊട്ടു പിന്നാലെയാണ് എ.ജി. യുടെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. കോടതികളില്‍ നിന്നും തിരിച്ചടി ഉണ്ടായാല്‍ സര്‍ക്കാരിനെ ആകെ ബാധിക്കുന്ന നില ഉണ്ടാകുമെന്നും അടിയന്തരമായി രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്നു മായിരുന്നു നിയമോപദേശം എന്നാണ് ലഭ്യമാകുന്ന വിവരം. മുഖ്യമന്ത്രിയോ, മന്ത്രിമാരോ, എം.എല്‍.എമാരോ സജി ചെറിയാന്റെ പ്രസംഗത്തെ നിയമസഭയില്‍ പോലും അനുകൂലിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്ന മറ്റൊരു നിയമോപദേശം ചൊവ്വാഴ്ച തന്നെ സര്‍ക്കാരിനു പ്രത്യേകമായും ലഭിച്ചിരുന്നു.
സുപ്രീം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ നല്കിയ നിയമോപദേശവും സജി ചെറിയാന് മന്ത്രി സ്ഥാനത്തു തുടരുന്നതിന് എതിരായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് മന്ത്രിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടാകാം എന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സിലിന്റെ ഈ നിയമോപദേശവും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ലഭിച്ചിരുന്നു.
സജി ചെറിയാന് രാജി വെയ്ക്കേണ്ടതില്ല എന്നു കാട്ടി പത്രക്കുറിപ്പ് ഇറക്കാനായിരുന്നു സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം ഉണ്ടായിരുന്ന ധാരണ. എന്നാല്‍ അത്തരം പത്രക്കുറിപ്പു വന്നാല്‍ ഉടനടി മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാകും എന്നത് നിയമപരമായി ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്ഭവന് യഥാര്‍ത്ഥത്തില്‍ അതിനുള്ള തയാറെടുപ്പിലുമായിരുന്നു. ഇക്കാര്യം സര്‍ക്കാരിനും അറിയാമായിരുന്നു എന്നാണ് വിവരം. അത് സര്‍ക്കാരിന് കനത്ത പ്രഹരമാകുമെന്ന വിലയിരുത്തലും സജി ചെറിയാന് എതിരായി മാറി.
ദേശവ്യാപകമായി ഭരണഘടനാ സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തുന്ന പാര്‍ട്ടിക്ക് രാഷ്ട്രീയ തിരിച്ചടിയാകും സജി ചെറിയാന് പദവിയില്‍ തുടരുന്നതെന്ന കടുത്ത നിലപാടിലേക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മാറിയതോടെ സാംസ്കാരിക മന്ത്രിക്ക് കസേര നഷ്ടം ഉറപ്പായിത്തീര്ന്നു.