എന്തിന് രാജി? ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ -സജി ചെറിയാന്‍

By Priya.06 07 2022

imran-azhar

തിരുവനന്തപുരം:ഭരണഘടനക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ രാജിവെക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്തിന് എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്.എന്താ പ്രശ്‌നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 


സജി ചെറിയാന്റെ പ്രസംഗം വിവാദമായതോടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം അവെലബിള്‍ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തിയിരുന്നു. സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ച ശേഷമാണ് സജി ചെറിയാന്‍ എകെജി സെന്ററിലേക്ക് എത്തിയത്.

 


വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കിയതോടെ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടി. രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. മന്ത്രിയുടെ രാജി സംബന്ധിച്ച് സംസ്ഥാന ഘടകത്തിനു തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പുണ്ടെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളിലേക്ക് സിപിഐ കടന്നിട്ടില്ല.

 

 

 

OTHER SECTIONS