By Veena Viswan.14 01 2021
ലക്നൗ: എഐഎംഐഎം നേതാവ് അസറുദ്ദീന് ഒവൈസി മത്സരിക്കുന്നത് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് സഹായിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. ബീഹാറില്‍ അദ്ദേഹമാണ് ബിജെപിയെ സഹായിച്ചത്. ഉത്തര്‍പ്രദേശിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും.
'ഇത് ദൈവാനുഗ്രഹമാണ്. അദ്ദേഹത്തിന് ഈശ്വരന് ശക്തിനല്‍കട്ടെ. അദ്ദേഹം ബിഹാറില്‍ ഞങ്ങളെ സഹായിച്ചു. ഉത്തര്‍പ്രദേശ് പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും പശ്ചിമബംഗാളിലും ഞങ്ങളെ സഹായിക്കും' ഹൈദരാബാദ് എംപിയായ ഒവൈസിയുടെ ഉത്തര്‍പ്രദേശിലെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സാക്ഷി മഹാരാജിന്റെ പ്രസ്താവന പുറത്തുവന്നതോടെ എഐഎംഐഎം ബിജെപിയുടെ ബി ടീമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസി മല്‍സരിച്ചതിനെ തുടര്‍ന്ന് മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപി വിജയിക്കുകയും ചെയ്തിരുന്നു.
വിശാല സഖ്യത്തെക്കാള്‍ 15 സീറ്റുകളാണ് ബിജെപി തിരഞ്ഞെടുപ്പില്‍ നേടിയത്. ഇതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ ബിടീമാണ് എഐഎംഐഎം എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.