സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം; ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യത

By priya.13 08 2022

imran-azhar

ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പ്രഭാഷണ വേദിയില്‍ വെച്ച് കുത്തേറ്റ ഇംഗ്ലീഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം.വെറ്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തെ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

 

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു ഓടിയെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

 

റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ പെട്ടന്ന് സ്റ്റേജിലേക്കു ഓടികയറുകയായിരുന്നു. രക്തത്തില്‍ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജില്‍ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്.

 

കഴുത്തിന്റെ വലതുവശത്ത് ഉള്‍പ്പടെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററില്‍ റുഷ്ദിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

റുഷ്ദി വെന്റിലേറ്ററില്‍ കഴിയുകയാണ്. റുഷ്ദിന് കണ്ണിനും കരളിനും ഗുരുതപരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

 

 

OTHER SECTIONS