ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടിക്ക് വിജയം

By Abhirami Sajikumar.14 Mar, 2018

imran-azhar

 

ലക്‌നൗ : ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടിക്ക് വിജയം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ഇരുപത്തിയാറായിരത്തിന് മുകളില്‍ വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുര്‍ മണ്ഡലത്തില്‍ അമ്പത്തിയൊമ്പതായിരത്തിന് മുകളില്‍ വോട്ടുകള്‍ക്കുമാണ് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചത്.

ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും സംസ്ഥാന അസംബ്ലിയിലേക്ക് പോയതിനാല്‍ വന്ന ഒഴിവില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ് ഉള്ളത്.

 

അതിനിടയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ നടപടി ഒട്ടേറെ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ് ബിജെപി എന്ന് ആരോപിച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കി. ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൂതേല വോട്ടിംഗ് കേന്ദ്രത്തിലേക്ക് കടന്നുവന്ന് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്ത് തുടരുന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കാനും ശ്രമം നടന്നിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ട് മാധ്യമങ്ങളെ തടയാന്‍ ശ്രമം നടന്നത്.