വനിതാമതിലുമായി സഹകരിക്കില്ലെന്ന് സംവരണ സമുദായ മുന്നണി

By Online Desk.06 12 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്ന് സംവരണ സമുദായ മുന്നണി. ഈ മാസം ഒന്നിന് നടത്തിയ നവോത്ഥാനപ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ സംവരണ സമുദായ മുന്നണി നേതാക്കള്‍ ഉന്നയിച്ച സാമൂഹ്യ പരിഷ്‌കരണ വിഷയങ്ങളില്‍ നയം വ്യക്തമാക്കാത്തതിലും ന്യൂനപക്ഷ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലും പ്രതിഷേധിച്ചാണ് തീരുമാനമെന്ന് മുന്നണി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

യോഗത്തില്‍ പങ്കെടുത്ത 30 സംഘടനകള്‍ ഉള്‍പ്പെടെ സാമൂഹ്യസമത്വ മുന്നണിയില്‍ ഉള്‍പ്പെടുന്ന 52 സംഘടനകളാണ് വനിതാമതിലുമായി സഹകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങളെ അട്ടിമറിക്കുകയാണെന്നും അവര്‍ തന്നെ നവോത്ഥാനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കാപട്യമാണെന്നും മുന്നണി പ്രതിനിധികള്‍ ആരോപിച്ചു. ബ്രാഹ്മണരെന്നോ അബ്രാഹ്മണരെന്നോ വ്യത്യാസമില്ലാതെ താന്ത്രിക വിദ്യ അഭ്യസിച്ചവരെ ശാന്തിക്കാരായി നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാല്‍ ശബരിമല, ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ അബ്രാഹ്മണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവകാശം പോലും നിഷേധിച്ചിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളായ മലഅരയ സമുദായത്തിന് പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാനുള്ള അവകാശം പോലുമില്ല. നവോത്ഥാന പ്രവര്‍ത്തനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കണം ദേവസ്വം ബോര്‍ഡ് നിയമനത്തിലെയും കെ.എ.എസിലെയും സംവരണ വിഷയത്തിലും സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അതിനുശേഷം സര്‍ക്കാരുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അവര്‍ പറഞ്ഞു. വനിതാമതിലിന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധമില്ലെന്ന് പറയുന്നത് കാപട്യമാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ വി.ദിനകരന്‍, എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, ബി. സുബാഷ് ബോസ്്, ജോസഫ് ജോണ്‍, പ്രഫ. ഇ അബ്ദുല്‍ റഷീദ്, ജഗതി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS