ശുചീകരണ ദിനത്തില്‍ നീക്കം ചെയ്തത് 200 കിലോ മാലിന്യം

By online desk.22 09 2019

imran-azhar

 

തിരുവനന്തപുരം: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി വേളി, കൊച്ചുപള്ളി പ്രദേശത്ത് തണലിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്ലാസ്റ്റിക് ടാസ്‌ക് ഫോഴ്‌സാണ് പ്രദേശത്ത് ശുചീകരണം നടത്തിയത്. തണലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനപ്രകാരം 590 കിലോമീറ്റര്‍ തീരപ്രദേശത്ത് 1057 ടണ്‍ മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ാണ് പ്ലാസ്റ്റിക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഒമ്പത് തീരദേശ ജില്ലകളിലും ഫോഴ്‌സിനെ രുപീകരിച്ച് ക്യാമ്പയിനും ശുചീകരണ പരിപാടികളും നടത്തുന്നുണ്ടെന്ന് തണല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. സമുദ്രത്തിലേക്ക് പോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് ഫോഴ്‌സിന്റെ ലക്ഷ്യം. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ശുചീകരണത്തില്‍ 200 കിലോ മാലിന്യമാണ് നീക്കം ചെയ്തത്. രാവിലെ 7.45 മുതല്‍ 10.15 വരെയായിരുന്നു ശുചീകരണം. 110 കിലോ അജൈവ മാലിന്യവും 90 കിലോ ജൈവ മാലിന്യവും 95 കിലോ പ്ലാസ്റ്റിക് മാലിന്യവും 13.5 കിലോ ഗ്ലാസ് മാലിന്യവുമാണ് നീക്കം ചെയ്തത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊല്ലം ബീച്ചിലും ശുചീകരണം നടത്തി.

ഇന്നലെ ശേഖരിച്ച മാലിന്യത്തില്‍ പ്ലാസ്റ്റിക് വേര്‍തിരിച്ചെടുത്ത് തണല്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോയി. ഇവ ബ്രാന്‍ഡ് ഓഡിറ്റിംഗ് നടത്തിയ ശേഷം ഏത് കമ്പനിയുടേതാണെന്നും എന്തുതരം പ്ലാസ്റ്റിക്കാണെന്നും പരിശോധിക്കും. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഒരു ഡാറ്റ അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധീകരിക്കും. ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുക. ഓരോ ജില്ലകളിലുമുള്ള പ്ലാസ്റ്റിക് ടാക്‌സ് ഫോഴ്‌സില്‍ 25 പേരടങ്ങുന്ന അംഗങ്ങളാണുള്ളത്. ഒമ്പത് ജില്ലകളിലുമായി 225 പേരാണ് സംഘടനയ്ക്കുള്ളത്. സന്നദ്ധ സംഘടനകളുടെ പിന്തുണയും തണലിനുണ്ട്.

 

OTHER SECTIONS