34ാം വയസ്സില്‍ ഫിന്‍ലന്റ് പ്രധാനമന്ത്രിയാകാനൊരുങ്ങി സന്നാ മരിന്‍

By online desk.09 12 2019

imran-azhar


ഹെല്‍സിങ്കി: ഫിന്‍ലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങി സന്നാ മരിന്‍. ഫിന്‍ലന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുകയാണ് സന്നാ. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രി സന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

 

ചുമതലയേറ്റെടുക്കുന്നതോടെ ലോകത്ത് നിലവില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ സന്നാ. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ് ഇവര്‍.

 

2012ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സന്നാ ഫിന്‍ലന്റ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 

താനൊരിക്കലും പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ലെന്നും വിശ്വാസം വീണ്ടെടുക്കുന്നതിനായി ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും നിയുക്ത പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ കണ്ട മാരിന്‍ പറഞ്ഞു.

 

തപാല്‍ സമരവുമായി ബന്ധപ്പെട്ട് അന്റി റിന്നെ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് റിന്നെ രാജിവെച്ചത്.

 

OTHER SECTIONS