'ഗൂഢാലോചന നടന്നു; പിന്നില്‍ വന്‍ തിമിംഗലങ്ങള്‍; മനസ്സിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

By Web Desk.23 06 2022

imran-azhar

 
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ പരാതിയിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് അനീസ മൊഴി രേഖപ്പെടുത്തിയത്.

 

സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

 

സ്വപ്നയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിലേക്കു തന്നെ വഴിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. അതിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി.സി.ജോര്‍ജ് അല്ലെന്നും വലിയ തിമിംഗലങ്ങളാണെന്നും സരിത പറഞ്ഞു.

 

തന്നെയും കുടുംബത്തെയും കേസിലേക്കു വലിച്ചിഴച്ചപ്പോഴാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കിയത്. രാഷ്ട്രീയക്കാരല്ല ഇതിനെല്ലാം പിന്നിലുള്ളത്.

 

ഗൂഢാലോചനക്കാര്‍ പറയേണ്ട കാര്യങ്ങള്‍ തന്നിലൂടെ പറയാനാണ് അവര്‍ ശ്രമിച്ചത്. പി.സി.ജോര്‍ജ്, സ്വപ്ന, സരിത്ത്, ക്രൈംനന്ദകുമാര്‍ എന്നിവരാണ് തന്നെ ഇതിലേക്കു വലിച്ചിഴച്ചത്.

 

സംരക്ഷണം കൊടുക്കാമെന്നു ചിലര്‍ വാക്കു കൊടുത്തതിനാലാണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്വപ്നയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉണ്ടാകാം. പി.സി.ജോര്‍ജിനെ ഈ കേസില്‍ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല.

 

സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍. സ്വര്‍ണത്തില്‍ പണം മുടക്കിയവര്‍ അതു നഷ്ടമായാല്‍ തിരികെ ചോദിക്കും. രാജ്യാന്തര ശാഖയുള്ള സംഘമാണ് അതിനു പിന്നിലുള്ളത്.

 

സ്വപ്നയുടെ ആരോപണങ്ങള്‍ അവരുടെ നിലനില്‍പ്പിന്റെ ഭാഗമായാണ്. രണ്ടു മാര്‍ഗങ്ങളാണ് അവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്, ആരോപണങ്ങള്‍ ഉന്നയിക്കുക. രണ്ട്, പൈസ തിരികെ കൊടുക്കുക. അതില്‍ രണ്ടാമത്തെതാണ് അവര്‍ തിരഞ്ഞെടുത്ത്.

 

മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കണമെന്നാണ് പി.സി.ജോര്‍ജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ അറിയില്ല. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍വച്ചാണ് ചര്‍ച്ചയെന്നറിഞ്ഞപ്പോള്‍ പോയില്ലെന്നും സരിത പറഞ്ഞു.

 

 

 

OTHER SECTIONS