തരൂരിനെ തിരിച്ചറിഞ്ഞു

By sisira.24 01 2021

imran-azhar

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല ശശിതരൂരിന്. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂര്‍ സംസ്ഥാന പര്യടനം നടത്തും.

 

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വ്യക്തമാക്കി.

 

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളിലേയ്ക്ക് എത്തുകയാണ് ശശി തരൂര്‍.

 

യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ കൂടിയാണ് ഈ വിഭാഗങ്ങള്‍ക്ക് സമ്മതനായ ശശിതരൂരിനെ പ്രകടനപത്രിക തയ്യാറാക്കുന്ന ചുമതല ഏല്പിച്ചത്.

 

ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.


അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് ഏകോപനസമിതിയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയും തുടങ്ങിവച്ചത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതികളാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

 

തദ്ദേശതിരഞ്ഞെടുപ്പ് ഫലം മറന്നേക്കൂ ഒരുമിച്ച് നിന്നാല്‍ ഭരണം പോരുമെന്ന് രാവിലെ ജനപ്രതിനിധികളുമായുള്ള പ്രഭാതഭക്ഷണ ചര്‍ച്ചയില്‍ അശോക് ഗെലോട്ട് പറഞ്ഞു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്പര്യം നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കുന്നത്.

 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും കെപിസിസിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗെലോട്ട് ഉന്നയിച്ചു.

 

ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് മുമ്പ് സംസ്ഥാനത്തെ സീറ്റ് വിഭജനം തീര്‍ക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ ശ്രമം. യുഡിഎഫ് ഘടകക്ഷികളുമായി ഇതിനോടകം അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

 

 

OTHER SECTIONS