കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ല; ശശി തരൂര്‍

By mathew.22 09 2019

imran-azhar

 

പൂന: പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ സ്വന്തം റിക്കാര്‍ഡ് കണക്കിലെടുത്താല്‍ പ്രത്യേകിച്ച് പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൂന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂര്‍.

പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശ നയങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് നമുക്ക് പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍, ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശ നയമോ അല്ലെന്നും ഇന്ത്യയുടെ വിദേശ നയമാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇനിയും തുടരും. എന്നാല്‍, രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പതാകയാണ് പ്രധാനമന്ത്രി വഹിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ആദരിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും തരൂര്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രി പദവിയെ മാത്രമല്ല ഇന്ത്യയിലെ വോട്ടര്‍മാരെയും ബഹുമാനിക്കുന്നതായി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS