ഇന്ധനക്ഷാമം രൂക്ഷം; ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു

By Priya.21 05 2022

imran-azhar

കൊളംബോ: ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു. യാത്രാസംവിധാനങ്ങളില്ലാത്തതുകൊണ്ട് അവശ്യവിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.രാജ്യത്ത് പാചകവാതകത്തിനും കടുത്ത ക്ഷാമം നേരിടുന്നത് വരും ദിവസങ്ങളില്‍ അടുക്കളകളെ പ്രതിസന്ധിയിലാക്കും.പല പെട്രോള്‍ പമ്പുകളിലും പരിമിതമായി സ്റ്റോക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി. ചില കേന്ദ്രങ്ങളില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു.

 

 

വിദേശ കടത്തിന്റെ തിരിച്ചടവിനത്തില്‍ 700 കോടി ഡോളര്‍ നല്‍കാനില്ലാത്ത അവസ്ഥയിലാണ് രാജ്യമുള്ളത്. അത്യാവശ്യ സാധനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യാന്‍ അടിയന്തിരമായി 750 കോടി ഡോളര്‍ വേണമെന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചത്. എന്നാല്‍ 100 കോടി ഡോളര്‍ പോലും കയ്യിലെടുക്കാനില്ലാത്ത അവസ്ഥയിലാണ് രാജ്യം.രാജ്യത്ത് ഇനി വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ ദിവസങ്ങളാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.കാര്‍ഷിക മേഖലയില്‍ വളം ആവശ്യമുള്ള സീസണ്‍ തുടങ്ങിയിട്ടും ഇറക്കുമതി നടന്നിട്ടില്ല. ഇത് അടുത്ത വര്‍ഷത്തെ ഭക്ഷ്യോല്‍പ്പാദനത്തെയും ബാധിക്കും.

 


അതേസമയം,9 പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ മന്ത്രിമാരുടെ എണ്ണം 13 ആയി.എന്നാലും ഇതുവരെ രാജ്യത്തെ ധനമന്ത്രിയെ നിയമിച്ചിട്ടില്ല. പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ചുമതലയേറ്റ ശേഷമുള്ള മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. മന്ത്രിമാരില്‍ 2 പേര്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ സമാഗി ജന ബലവേഗയയില്‍ (എസ്‌ജെബി ) നിന്നുള്ളവരാണ്.ബാക്കിയുള്ളത് ഭരണസഖ്യമായ ശ്രീലങ്ക പൊതുജനപെരമുനയില്‍ നിന്നുള്ളവരാണ്.പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ തീരുമാനം അവഗണിച്ചു മന്ത്രിസഭയില്‍ ചേര്‍ന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു എസ്‌ജെബി വ്യക്തമാക്കി.

 

 

OTHER SECTIONS