പ്രധാന സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും

By ബി.വി. അരുണ്‍ കുമാര്‍.12 06 2019

imran-azhar


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും. ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു ഉള്‍പ്പെടെയുള്ളവരാണ് പ്രധാന സാക്ഷികളുടെ പട്ടികയിലുള്ളത്. 70 സാക്ഷികളുടെ മൊഴി ഇതിനകം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.


ഇത് പരിശോധിച്ചാണ് പ്രധാന സാക്ഷികളുടെ പട്ടിക തയ്യാറാക്കിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണോയെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. പരിശോധനാഫലം ഉടന്‍ കൈമാറുമെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചു. അര്‍ജുന്റെ വിരലടയാളം, മുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ ഡ്രൈവിങ് സീറ്റില്‍നിന്നു ലഭിച്ച സാമ്പിളുകളുമായി താരതമ്യപഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.


അതിനിടെ കൊല്ലം പള്ളിമുക്കില്‍ ജ്യൂസ് കുടിക്കാന്‍ വാഹനം നിര്‍ത്തുമ്പോള്‍ ബാലഭാസ്‌കര്‍ ഇരുന്നിരുന്നത് പിന്‍സീറ്റില്‍ ആയിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കി. കൊല്ലം സ്വദേശികളായ ലാല്‍കൃഷ്ണ, അഖില്‍, വിനു എന്നിവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഡ്രൈവിങ് സീറ്റില്‍ അര്‍ജുനെ കണ്ടതായും മൊഴി നല്‍കി. ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ജ്യൂസ് കുടിക്കാന്‍ പള്ളിമുക്കില്‍ ഇറങ്ങിയത്. ആ സമയമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത്. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന അര്‍ജുന്‍ കടയിലേക്ക് വന്നു. അകത്തുള്ളത് ആരെന്ന് നോക്കിയപ്പോഴാണ് ബാലഭാസ്‌കറിനെ കണ്ടത്.


പിന്‍സീറ്റില്‍ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട് പരിചിതമുഖമായതിനാല്‍ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വളരെ വേഗം ജ്യൂസ് കുടിച്ച് ബാലഭാസ്‌കറും കുടുംബവും മടങ്ങി. പള്ളിമുക്കില്‍ നിന്ന് തിരിക്കുമ്പോഴും വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അര്‍ജുന്‍ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.
മൂന്നുപേരെയും ഒരുമിച്ചും അല്ലാതെയും മൊഴി എടുത്തു. ഒരേ മൊഴി തന്നെയാണ് ലഭിച്ചത്. അര്‍ജുന്റെ ചിത്രം മൂന്നുപേരും തിരിച്ചറിഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാക്കുകള്‍ സാധൂകരിക്കുന്നതാണ് ഈ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്നും അര്‍ജുനാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.


അപകടത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവേളയില്‍ താന്‍ തന്നെയാണ് ഓടിച്ചിരുന്നതെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീടിത് മാറ്റി പറയുകയായിരുന്നു.
ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു അടക്കമുള്ളവര്‍ വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പള്ളിമുക്കില്‍നിന്ന് തിരിച്ചശേഷം എവിടെയെങ്കിലുംവച്ച് ബാലഭാസ്‌കര്‍ വാഹനം ഓടിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്.

 

OTHER SECTIONS