പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷണം പ്രഖ്യാപിച്ചു

By mathew.03 12 2019

imran-azhar

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

 

നവംബര്‍ 25ന് പ്രിയങ്കയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഈ സമയത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തക ശാര്‍ദ ത്യാഗി ഉള്‍പെടെ മൂന്ന് പേര്‍ കറുത്ത നിറമുള്ള ടാറ്റാ സഫാരി വാഹനത്തില്‍ എത്തിയത്. അതിനാലാകാം വാഹനം സുരക്ഷാ പരിശോധനയില്ലാതെ കടന്നുപോയത്. യാദൃശ്ചികമായി സംഭവിച്ചതാകാം ഇതെങ്കിലും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

 

അതിനിടെ, പ്രിയങ്കയുടെ സുരക്ഷ തൃപ്തകരമല്ലെന്ന് വ്യക്തമായതില്‍ കടുത്ത വേദനയുള്ളതായി കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ സുരക്ഷാ പരിശോധനയില്ലാതെ എത്തിയ ശാര്‍ദ ത്യാഗി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ആദ്യമായാണ് പ്രിയങ്കയുടെ വസതിയില്‍ പോയി അവരെ കാണുന്നതെന്നും ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താനെന്നും അവര്‍ പറഞ്ഞു.

 

പ്രിയങ്കയുടെ വീട്ടുനമ്പര്‍ അറിയില്ലായിരുന്നു. കോണ്‍ഗ്രസ് ഓഫിസില്‍ വിളിച്ചാണ് നമ്പര്‍ മനസിലാക്കിയതെന്നും വീടിന് മുന്നിലെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ ആരൊക്കെയാണെന്ന് പോലും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ലെന്നും അവര്‍ പറഞ്ഞു.

OTHER SECTIONS