അടൂരില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണീറ്റ്;നേതൃത്വം നല്‍കിയത് മുന്‍ എക്‌സൈസ് ഗാര്‍ഡ്

By anju.12 10 2018

imran-azhar

 

അടൂര്‍: മണക്കാല താഴത്തുമണ്ണില്‍ വീടിനോടു ചേര്‍ന്ന പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന വ്യാജവിദേശമദ്യ നിര്‍മ്മാണ യൂണിറ്റില്‍ നിന്നും വന്‍മദ്യശേഖരവും ഇത് നിര്‍മിക്കുന്നതിനുള്ള അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തു. എക്‌സൈസിലെ മുന്‍ ഉദ്യോഗസ്ഥന്റെ നേതൃതത്തില്‍ നടന്നുവന്ന വ്യാജമദ്യനിര്‍മാണശാലയിലായിരുന്നു റെയഡ്.


വീട്ടുടമ പിടിയിലായി. ജില്ലാ പോലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഷാഡോ പോലീസ് അടൂര്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. സര്‍ക്കാരിന് പോലും ഇത്തരം നിര്‍മാണ യൂണിറ്റില്ലെന്ന് എക്‌സൈസ്.


ഒരു ലിറ്റര്‍ വീതമുള്ള 165 ബോട്ടില്‍ വ്യാജ ജവാന്‍ റമ്മും, 840 ലിറ്റര്‍ സ്പിരിറ്റും കുപ്പികളില്‍ നിറയ്ക്കാനായി വലിയ കന്നാസില്‍ തയാറാക്കിയ 200 ലിറ്ററോളം മദ്യവും കണ്ടെടുത്തു. സ്പിരിറ്റിനെ ജവാന്‍ മദ്യമാക്കി മാറ്റുന്നതിന് ഉപയോഗിച്ചുവന്ന കെമിക്കല്‍, എസന്‍സ്, കുപ്പികള്‍ സീല്‍ചെയ്യുന്നതിനുള്ള യന്ത്രങ്ങള്‍, വ്യാജലേബലുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ താഴത്തുമണ്‍ ചുണ്ടോട്ട് എബി (45) യെ കസ്റ്റഡിയിലെടുത്തു.


പ്രധാന പ്രതിയും വ്യജമദ്യം നിര്‍മിച്ച് വിതരണം ചെയ്തുവരുന്ന കറ്റാനം സ്വദേശിയുമായഹാരി ജോണ്‍ (കിഷോര്‍) ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. എക്‌സൈസ് ഗാര്‍ഡായിരുന്ന ഇയാളെ സ്പിരിറ്റ് കച്ചവടുമായി ബന്ധപ്പെട്ട് സര്‍വീസില്‍നിന്നും നേരത്തെ പുറത്താക്കിയതാണ്.


സ്ഥലത്തുനിന്നും മദ്യം കടത്താന്‍ ഉപയോഗിച്ചുവന്ന ഒരു ഇന്നോവ കാറും, മാരുതി കാര്‍, ഒരു ബൈക്ക് എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നോവയ്ക്കുള്ളില്‍ നിന്നും രണ്ട് കന്നാസ് സ്പിരിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഒരുവര്‍ഷമായി ഇവിടെ വ്യാജവിദേശമദ്യം നിര്‍മിച്ചു വന്നതിന്റെ വ്യക്തമായ സൂചനയുണ്ട്.

 

മദ്യം നിറയ്ക്കുന്നതിനായി നൂറ് കണക്കിന് കുപ്പികളും, ജവാന് പുറമേ പോര്‍ട്ട് റം എന്ന പേരിലുള്ള ലേബലും, ഒഴിഞ്ഞ നിരവധി സ്പിരിറ്റ് കന്നാസുകളും കണ്ടെത്തിയിട്ടുണ്ട്. അടൂര്‍ ഡിവൈഎസ്പി ആര്‍. ജോസ്, സിഐ ജി. സന്തോഷ് കുമാര്‍. എസ്‌ഐ ബി. രമേശ്, ഷാഡോ പോലീസിലെ എഎസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ സുജിത്ത്, ശ്രീരാജ്, ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

OTHER SECTIONS