ഹൈബിന്‍ ഈഡനെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

By priya.14 08 2022

imran-azhar

 

കൊച്ചി: ഹൈബിന്‍ ഈഡന്‍ എംപിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്നു സിബിഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന കാലത്ത് ഹോസ്റ്റലില്‍ എത്തിച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗ കേസില്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരിക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


സാമ്പത്തിക തട്ടിപ്പ്, പീഡനം എന്നിവ അടക്കമുള്ള പരാതികളാണ് ഉന്നയിച്ചിരുന്നത്. പരാതിക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡനെതിരെ തെളിവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു വിട്ടത്.കോണ്‍ഗ്രസ് ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.


സോളര്‍ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെ ആറ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ റജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS