'എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ്എഫ്ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല'; ​ഗവർണർക്കെതിരെ പി എം ആർഷോ

പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്‌ടിക്കാനുള്ള ശ്രമമാണ് ​ഗവർണ നടത്തുന്നതെന്ന് ആർഷോ കുറ്റപ്പെടുത്തി.

author-image
Greeshma Rakesh
New Update
'എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ്എഫ്ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല'; ​ഗവർണർക്കെതിരെ പി എം ആർഷോ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത്. പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്‌ടിക്കാനുള്ള ശ്രമമാണ് ഗവർണ നടത്തുന്നതെന്ന് ആർഷോ കുറ്റപ്പെടുത്തി.

''രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്, ആ അവകാശം വിനിയോഗിക്കിക്കുകയാണ് എസ്‌എഫ്‌ഐ ചെയ്യുന്നത്. സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് ഗവര്‍ണര്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ തെരുവിലേക്കിറങ്ങി, പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്‌ടിക്കാനുള്ള ശ്രമം നടത്തുകയാണ്. എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ്എഫ്ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല''- ആര്‍ഷോ പറഞ്ഞു.

അതെസമയം ഗവര്‍ണറുടെ ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കണ്ടതാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. രണ്ടാമത് നയപ്രഖ്യാപനം, റിപ്പബ്ലിക് ദിനത്തിന്റെ അന്ന് മൂന്നാമത്തേത്. നാലാമത്തെ ഷോയാണ് നിലമേലില്‍ നടന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നത്. ഷോ നടത്തി വിരട്ടാം എന്ന് ഗവര്‍ണര്‍ കരുതേണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ നടപടി ചെയ്യുന്ന രാജ്യത്തെ ആദ്യ ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാനെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കേരള-രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത, തികച്ചും നാടകീയ രംഗങ്ങളാണ് കൊല്ലം നിലമേലിൽ അരങ്ങേറിയത്.എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിനു പിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുക്കുകയും അവര്‍ക്ക് നേരെ കൈയോങ്ങുകയും ചെയ്തു.

എന്തുകൊണ്ടാണ് താന്‍ വരുന്നതിനു മുന്‍പ് പ്രതിഷേധക്കാരെ ഒഴിവാക്കിയില്ലെന്നും ഗവര്‍ണര്‍ പൊലീസിനോടു ചോദിച്ചു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ ഗവര്‍ണര്‍ ഇരിപ്പുറപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് വലഞ്ഞു.

2 മണിക്കൂറോളം തുടര്‍ന്ന പ്രതിഷേധത്തിന്റ ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷം ഗവര്‍ണര്‍ കാറില്‍ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയി. കടയിലെ കച്ചവടം മുടങ്ങിയതിന് കടക്കാരന് 1000 രൂപയും നല്‍കിയാണ് ഗവര്‍ണറും സംഘവും പോയത്. 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.

governor arif mohammed khan sfi pm arsho